മനുഷ്യരെല്ലാവരും തുല്യാവകാശങ്ങളോടും അന്തസ്സോടും സ്വാതന്ത്ര്യത്തോടുംകൂടി ജനിച്ചിട്ടുള്ളവരാണ്‌. അന്യോന്യം ഭ്രാതൃഭാവത്തോടെ പെരുമാറുവാനാണ്‌ മനുഷ്യന്നു വിവേകബുദ്ധിയും മനസാക്ഷിയും സിദ്ധമായിരിക്കുന്നത്‌.

ജാതി, മതം, നിറം, ഭാഷ, സ്ത്രീപുരുഷഭേദം, രാഷ്ട്രീയാഭിപ്രായം സ്വത്ത്‌, കുലം എന്നിവയെ കണക്കാക്കാതെ ഈ പ്രഖ്യാപനത്തിൽ പറയുന്ന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും സർവ്വജനങ്ങളും അർഹരാണ്‌. രാഷ്ട്രീയ സ്ഥിതിയെ അടിസ്ഥാനമാക്കി (സ്വതന്ത്രമോ, പരിമിത ഭരണാധികാരത്തോടു കൂടിയതോ ഏതായാലും വേണ്ടതില്ല) ഈ പ്രഖ്യാപനത്തിലെ അവകാശങ്ങളെ സംബന്ധിച്ചേടത്തോളം യാതൊരു വ്യത്യാസവും യാതൊരാളോടും കാണിക്കാൻ പാടുള്ളതല്ല.

സ്വയരക്ഷാബോധത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുവാൻ ഏതൊരാൾക്കും അധികാരമുണ്ട്‌.  യാതൊരാളേയും അടിമയാക്കി വെക്കാൻ പാടുള്ളതല്ല. ഏതൊരു വിധത്തിലുള്ള അടിമത്തത്തേയും അടിമവ്യാപാരത്തേയും തടയേണ്ടതാണ്‌.  പൈശാചികവും ക്രൂരവും അവമാനകരവുമായ രീതിയിൽ ആരോടും പെരുമാറരുത്‌. ആർക്കും അത്തരത്തിലുള്ള ശിക്ഷകൾ നൽകുകയുമരുത്‌. നിയമദൃഷ്ട്യാ ഏതൊരാൾക്കും ഏതൊരു സ്ഥലത്തും അംഗീകരണത്തിനു അവകാശമുണ്ട്‌. നിയമത്തിനു മുൻപിൽ എല്ലാവരും തുല്യരാണ്‌. യാതൊരു ഭേദവും കൂടാതെ നിയമാനുസൃതമായ രക്ഷക്ക്‌ എല്ലാവർക്കും അർഹതയുള്ളതുമാണ്‌. ഈ പ്രഖ്യാപനത്തെ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ അത്തരം പ്രവൃത്തികളിൽ നിന്നും രക്ഷതേടുവാനുള്ള അധികാരം എല്ലാവർക്കും ഉള്ളതാണ്‌.
